2008, ഡിസംബർ 28, ഞായറാഴ്‌ച

ശലഭങ്ങൾ,തുമ്പികൾ പിന്നൊരു വർണ്ണവിസ്മയവും

കുറച്ചു നാളായി വളരെ വലിയ ശലഭങ്ങളെ തൊടിയിലൊക്കെ കാണാൻ തുടങ്ങിയിട്ട്‌. പടമെടുത്തിട്ടു തന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ച്‌ ഒരു ഞായറാഴ്ച്ച ക്യാമറയുമായി ഇറങ്ങിപ്പുറപ്പെട്ടു. ഒരു വലിയ ശലഭത്തിന്റെ പിറകെ ഒരു മണിക്കൂറോളം നടന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ഇങ്ങനെ വെട്ടിച്ചു വെട്ടിച്ചു പറക്കുന്നതല്ലാതെ ഇവ ഒരിക്കലും ഒരിടത്ത്‌ അടങ്ങിയിരിക്കാറില്ല.ഒരു പൂവിൽ പോലും ഒരു പടമെടുക്കാനുള്ള നേരം ആ ശലഭങ്ങളൊന്നും ഇരുന്നില്ല. പിന്നെ 2 3 ദിവസത്തെ ശ്രമഫലമായി കിട്ടിയതാണ്‌ ഈ ചിത്രശലഭങ്ങളുടെ പടങ്ങൾ.
തുമ്പികൾ കുറച്ചു കൂടി സഹകരണമനോഭാവമുള്ളവരാണ്‌. അവർ നന്നായി ഇരുന്നു പോസ്‌ ചെയ്തു തരും.ചിലപ്പോൾ ഒരു പടമെടുത്തു കഴിയുമ്പോൾ ചില തുമ്പികൾ ഒന്നു തിരിഞ്ഞു വേറൊരു പോസിൽ ഇരുന്നു തരും."ഈ ആങ്കിളിൽകൂടി ഒന്നെടുത്തോളൂ" എന്നു പറയുമ്പോലെ.
ഒരു തുമ്പിയുടെ പടമെടുത്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരെണ്ണം വന്ന്‌ അതിനെ ഓടിച്ചുകളഞ്ഞ്‌ അതേ സ്ഥാനത്തിരുന്ന് പോസ്‌ ചെയ്തു തരികയുമുണ്ടായി, ഒന്നിലധികം പ്രാവശ്യം. 1,2 ദിവസം തുമ്പികളുടെ കൂടെയും ചെലവഴിച്ചു.
ടെറസ്സിലെ സിന്റെക്സ്‌ വാട്ടർ റ്റായ്ങ്കിന്മേൽ കൂടു വച്ച വിരുതനാണ്‌ പച്ച പെയിന്റിൽ കുളിച്ചതു പോലെ നിൽക്കുന്നത്‌. അത്‌ വണ്ടാണോ,ഈച്ചയാണോ,അതോ വേട്ടാളനാണോ എന്നൊന്നും അറിയില്ല.









































2008, ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

ഞാനെന്റെ സൂര്യന്റെ തിരി കെടുത്താൻ വന്ന
കാറ്റിനായ്‌ വാതിൽ തുറന്നിട്ടിരിക്കവേ
കേട്ടു ഞാനെന്റെ സ്ഥിര സഹയാത്രികേ നിന്റെ
മൃദുപദനിസ്വനം വാതിലിന്നപ്പുറം.

പാമ്പുകൾ മാറാടുമിടവഴികളിൽ, രാത്രി
ഏകനായ്‌ ഞാൻ പണ്ടു യാത്ര ചെയ്തീടവേ,
നഗരത്തിലേറെത്തിരക്കുള്ള പാതകൾ-
ക്കപ്പുറം പോകുവാനായൊരുങ്ങീടവേ,
ഒപ്പമുണ്ടായിരുന്നെന്നും, വിശപ്പുള്ള
നോട്ടവുമായെന്റെയീ സഹയാത്രിക.

ദീനക്കിടക്കയിലൊപ്പമിരുന്നവൾ
രണ്ടുനാൾ മുഴുവൻ ക്ഷണിച്ചതാണെങ്കിലും,
ഇപ്പോൾ തുറന്നിട്ട വാതിലിന്നപ്പുറ-
ത്തെന്തേ മടിച്ചകലത്തായി നിൽപ്പു നീ?

2008, ഡിസംബർ 17, ബുധനാഴ്‌ച

ശങ്കരന്റെ യാത്ര

ശങ്കരന്റെ യാത്ര കുറച്ചു കുടി വിപുലമാക്കിയാലോ എന്നു തോന്നി. അതിങ്ങിനെയായി


ഹൊ, വീട്ടിനകത്തു തന്നെയിരുന്നു ബോറടിച്ചു. പുറത്തൊക്കെ ഒന്നു കറങ്ങിയാലോ....

എന്തായാലും ചെരുപ്പിടാം. ആരെങ്കിലും ഇതൊന്ന് ഇട്ടു തായോ .....


ഇതെന്താ, ഡിനോസറിന്റെ വാലോ? പിടിച്ചാൽ പുലിവാലാകുമോ? ഓ മാവിന്റെ വേരാ. പേടിച്ചു പോയല്ലോ....

ഇതെന്താ മുറ്റത്തു വട്ടത്തിലൊരു സാധനം?


(ആ റ്റൈലിനടിയിൽ ഉണ്ടായിരുന്നത്‌ ഇതാണ്‌. ഭാഗ്യത്തിന്‌ കടിച്ചില്ല.പിന്നീട്‌ ഇതു കണ്ടപ്പോൾ അവന്റെ അമ്മ പാർശ്വസ്തനായ എന്നെ ഒരു നോക്കു നോക്കി; അത്ര മാത്രം)


ഇതിലേ പുറത്തു കടക്കാൻ പറ്റുമെന്നു തോന്നുന്നില്ലാ



ഇതിൽ പിടിച്ചാണല്ലൊ എല്ലാവരും ഈ ഗേറ്റ്‌ തുറക്കുന്നത്
ഓ അതു ശരി. തുറന്നു കിടക്കുകയായിരുന്നോ. ഞാനറിഞ്ഞില്ല
                                                  ഇനി ആരെങ്കിലും കാണും മുൻപ്‌ വേഗം പോയേക്കാം

നേരെ പോയാൽ ശരിയാവില്ല. ഇങ്ങോട്ടു കയറാം.


ശ്ശെടാ, വഴി തെറ്റിയോ???ആരെയും കാണുന്നില്ലല്ലോ. എനിക്കാണെങ്കിൽ വിശക്കുന്നുമുണ്ട്‌.

ഇതിനൊരു സ്വാദുമില്ലല്ലോ

അമ്മേ......


2008, ഡിസംബർ 12, വെള്ളിയാഴ്‌ച

2008, ഡിസംബർ 10, ബുധനാഴ്‌ച

ശല്യം

      മുതുകത്തു ഹൈക്കുവുമായ്‌ വരുന്ന ചങ്ങാതി എന്നെനോക്കി തൊഴുതു പറഞ്ഞു പൊന്നു ചേട്ടാ ശല്യപ്പെടുത്താതെ.

2008, ഡിസംബർ 9, ചൊവ്വാഴ്ച

ബലിമൃഗം



                                                                       ദൈവനാമത്തിൽ



1997 - കർണ്ണാടകത്തിലെ ലക്ഷ്യമില്ലാത്ത യാത്രകൾക്കിടയിൽ കണ്ടത്‌.500 ഓളം പൂവൻ കോഴികളുടെയും 15 ആടുകളുടെയും പ്രാർഥനകൾ അന്നു ദേവി കേട്ടില്ല.എവിടെയോ മറന്നു കിടന്നിരുന്ന ഈ ഫോട്ടോ ഈയ്യിടെയാണു വീണ്ടും കണ്ണിൽ പെട്ടത്‌. കുറെയാലോചിച്ചു, ഇത്‌ പോസ്റ്റ്‌ ചെയ്യണോ വേണ്ടയോ എന്ന്.എന്തായാലും ഇടുന്നു.

2008, ഡിസംബർ 5, വെള്ളിയാഴ്‌ച

അജീർണ്ണം

എനിക്കു വല്ലാത്ത വിശപ്പായിരുന്നു
വീട്ടിൽ തിന്നാൻ ഒത്തിരിയുണ്ടായിരുന്നു.
ഞാൻ കഥകൾ കൊറിച്ചു തീർത്തു,
കവിതകൾ കഴിച്ചു തീർത്തു,
എന്നിട്ടും വിശപ്പു മാറാഞ്ഞ്‌,ഞാൻ
ലേഖനങ്ങളും ജീവചരിത്രങ്ങളും
വാരിവലിച്ചു തിന്നു തീർത്തു.

ഇപ്പോൾ അജീർണ്ണം മാറാൻ
ഗീതയും ബൈബിളും ഖുറാനും കഴിച്ചിട്ടും
വലിയ മാറ്റാമൊന്നും കാണാനില്ല.
പഴകിയ രോഗമല്ലേ,
കുറെക്കാലം പിടിക്കുമായിരിക്കും